Please confirm cookies are enabled !


Go Back


Pannyan Raveendran
Politician, Communist Party of India
Kerala

കൊറോണ കാലത്തെ കല്യാണം
മലയാള കഥാ -നോവൽ സാഹിത്യം മരവിപ്പിന്റെ സ്ഥിതിയിലാണെന്ന് ചിലർ നിരീക്ഷിക്കുന്നു. കാലത്തിന്റെ മാറ്റവും സാമൂഹിക രംഗത്തെ വിപരീത ദിശയിലേക്കുള്ള ചലനങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ല. കേരളത്തിന്റെ സവിശേഷമായ വൈവിദ്ധ്യങ്ങൾ കഥാ-നോവൽ സാഹിത്യത്തെയും പ്രമേയത്തെയും സ്വാധീനിച്ചിരുന്ന കാലമുണ്ടായിരുന്നു.
വർത്തമാനകാലത്ത് നല്ല കഥകളോ നോവലുകളോ മറ്റിതര സാഹിത്യകൃതികളോ പുറത്തുവരുന്നില്ല. വെളിച്ചം കാണുന്നവയിൽ തന്നെ നിലവാരം പുലർത്തുന്നതായി കാണുന്നില്ല. മാത്രമല്ല ഇതിലൊന്നും മനസ്സിൽ കുറിച്ചുവെക്കാവുന്ന കഥകളോ കഥാപാത്രങ്ങളോ സൃഷ്ടിക്കപ്പെടുന്നുമില്ല. ഇതിനു പ്രധാന കാരണം ശക്തമായ നിരൂപണസാഹിത്യത്തിന്റെ അഭാവം തന്നെയാണെന്നു സംശയമില്ലാതെ പറയാം. ദേവും വർക്കിയും തകഴിയും ബഷീറും പൊറ്റെക്കാടും ടി. പദ്മനാഭനും എം.ടി യുമൊക്കെ നിറഞ്ഞാടിയ കാലത്തുള്ള കഥകളും കഥാപാത്രങ്ങളും വായനക്കാരിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. ഓടയിൽ നിന്നിലെ പപ്പുവും ബഷീറിന്റെ നാരായണിയെന്ന പ്രണയിനിയായ വനിതാ തടവുകാരിയും സുഹ്റയും മജീദും എന്ന പ്രണയ മിഥുനങ്ങളും തുടങ്ങി എത്രയോ പേർ ജനമനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്!
കഥാലോകത്ത് വന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ചപ്പോഴും കഥാരചന വായനക്കാരെ സ്വാധീനിച്ചിരുന്നു. അത്യന്താധുനിക കഥകളും നോവലുകളും മലയാളത്തിന് വേറിട്ട അനുഭവമായി. കാക്കനാടനും മുകുന്ദനും ഒ വി വിജയനും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. ഇന്നത്തെ മരവിപ്പിന്റെ തായ് വേര് കണ്ടുപിടിക്കാൻ ശ്രമിക്കുകയല്ല, പൊതുചിത്രം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ഒരു പുതിയ കാലമാണ്. മനുഷ്യനെ ഭയവിഹ്വലരാക്കുന്ന മഹാമാരിയുടെ വിഷക്കാറ്റ് വീശിയടിച്ച കാലം. കോവിഡ് മഹാമാരി ചൈനയിലെ വുഹാനിൽ പിറന്നത് 2019 ലാണ്. മനുഷ്യരാശിയെ മുഴുവൻ മുഖംമൂടിയിലാക്കിയ ദുരിതകാലം. മരണം മനുഷ്യരെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കറുത്ത ദിനരാത്രങ്ങൾ.
വൈദ്യശാസ്ത്രത്തിന്റെ ആവനാഴിയിലെ അസ്ത്രങ്ങൾ മുഴുവൻ പ്രയോഗിച്ചിട്ടും പൂർണ്ണ അർത്ഥത്തിൽ മറുമരുന്നു പ്രയോഗത്തിലായില്ല. സാമൂഹികജീവിതത്തെ ഭീതിയിൽ നിന്നും മോചിപ്പിച്ചു സാധാരണ നിലയിൽ തിരിച്ചുകൊണ്ടു വരുവാൻ ഇനിയും ഒരുപാട് നാളുകൾ വേണ്ടിവരും. കൊറോണ മഹാമാരിയെ ആസ്പദമാക്കി മലയാള സാഹിത്യത്തില്‍ ആദ്യമായി കടന്നുവന്ന നോവലാണ് 'ഷെവലിയർ ഹൗസിലെ കൊറോണ രാത്രി'. സാബു ശങ്കർ എഴുതിയ ഈ നോവലിന് ഒരുപാട് തലങ്ങൾ ഉണ്ട്. കല്യാണ ഒരുക്കങ്ങൾ നടക്കുന്ന രാത്രിയിൽ മൂന്നു മണിക്കൂർ നേരത്തെ സംഭവങ്ങളാണ് ഇതിന്റെ കഥാബീജത്തിനാധാരം. വധുവിന്റെയും കുടുംബാംഗങ്ങളുടെയും മനോനിലയും ബന്ധങ്ങളുടെ പാരസ്പര്യവും നോവലിന് താളലയങ്ങൾ തീർക്കുകയാണ്. തികച്ചും വ്യത്യസ്തമായ ആഡംബരജീവിതത്തിന്റെ റെക്കോർഡുമായി പൊങ്ങച്ചത്തിൽ അഭിരമിക്കുന്ന കഥാപാത്രങ്ങളെ കാണാം.
അവർ പരസ്പരം സംസാരിക്കുമ്പോൾ ഉയർന്നുവരുന്ന വിള്ളലുകളും അരുതായ്മകളും മദ്യപാനത്തിന്റെ കൂട്ടായ്മയിൽ വരാവുന്ന തർക്കങ്ങളും നോവലിന്റെ പ്രത്യേകതകളാണ്. കപ്പബിരിയാണിയുടെ ചേരുവ ആസ്വദിക്കുമ്പോഴും ഓർമ്മകളുടെ നീറുന്ന ഉള്ളറകളെ സ്പർശിക്കുന്നുണ്ട് സംസാരങ്ങളെല്ലാം. നവവധുവായ കത്രീനയുടെ മനോവ്യാപാരം തികച്ചും വ്യത്യസ്തമായ തരത്തിലുള്ളതാണ്. അമേരിക്കൻ മലയാളിയായ വരന്റെ കഴുത്തിൽ മാലചാർത്താൻ കത്രീനയെ അണിയിച്ചൊരുക്കുകയാണ്. അപ്പോഴും "അവൾ ചാടും" എന്ന് സംശയിക്കുന്നവരുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ആറര മണിമുതൽ മൂന്ന് മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കി നോവലാക്കിയ സാബു ശങ്കറിന്റെ ഭാവന പ്രശംസനീയമാണ്. പതിനഞ്ചു ഭാഗങ്ങളിലായി ഇരൂനൂററി അറുപത്തിയഞ്ചു പുറങ്ങളിലാണ് നോവൽ ഒരുക്കിവെച്ചത്. 'ഷെവലിയർ ഹൗസിലെ കൊറോണ രാത്രി' നല്ല വായനാനുഭൂതി പകർന്നു നൽകുന്നുണ്ട്. ഷെവലിയർ പാപ്പുവക്കീലും അന്നാമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളുമായി നാൽപതോളം കഥാപാത്രങ്ങൾ പരോക്ഷമായും പ്രത്യക്ഷമായും നിറഞ്ഞു നിൽക്കുന്നു. കഥാപാത്രങ്ങളുടെ ബാഹുല്യം കഥയുടെ ഒഴുക്കിനെ ഒരു തരത്തിലും ബാധിക്കുന്നില്ല.
പ്രതിസന്ധികൾക്ക് നടുവിൽ കർദിനാൾ ആശംസിക്കുന്നുണ്ട്. "പ്രിയ പുത്രിയായ കത്രീനക്കും ഷെവലിയർ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും അനുഗ്രഹം ഉണ്ടാകട്ടെ. കൊറോണക്കാലത്തെ കല്യാണം മനുഷ്യരാശിക്ക് പുതിയ പ്രതീക്ഷകൾ നൽകട്ടെ. മധുരംവെപ്പ് മംഗളകരമായി ഭവിക്കട്ടെ". കൊറോണ ദുരന്തം നാടാകെ നിറഞ്ഞുനിൽക്കുമ്പോഴും ജീവിതത്തിൽ മനുഷ്യർ കാണിക്കുന്ന ആർത്തി പ്രഹസനഹാസ്യമാണ്. ഉന്നത മധ്യവർഗ്ഗത്തിന്റേതായ ഷെവലിയർ ഹൗസിലെ ആഘോഷങ്ങൾക്കിടയിൽ കുടുംബാംഗങ്ങൾക്കായി ഉദ്ബോധനം നടത്തുന്ന ഷെവലിയറുടെ ആത്മാവിന്റേതെന്നു തോന്നുന്ന വാക്കുകൾ പ്രസക്തമാവുന്നുണ്ട്. "മാർപ്പാപ്പയുടെ ആന" എന്ന പേരിൽ നടത്തുന്ന നാടകം പ്രതീകാത്മകമാണ്. കൊച്ചി രാജാവ് പോർച്ചുഗീസ് രാജാവായ മാനുവലിന് സമ്മാനിച്ച ആനയെ ലിസ്ബണിലേക്ക് കപ്പലിൽ കൊണ്ടുപോയത് നാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്. അതിനകത്തും ചതിയുടെ തന്ത്രം ഒളിഞ്ഞു കിടക്കുന്നു.
അതീവ സങ്കീർണ്ണമായ വിഷയങ്ങൾ സാമർത്ഥ്യത്തോടെ അവതരിപ്പിച്ചു കൊണ്ട് രചയിതാവ് തന്റെ രചനാതന്ത്രം വായനക്കാരിലെത്തിക്കുകയാണ്. കഥയുടെ ഘടനയും അവതരണഭംഗിയും സംഘർഷാത്മകമായ പ്രശ്നങ്ങളുടെ പുന:സംയോജനവും നോവലിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കൊറോണയിൽ കുടുങ്ങിയും തന്റെ പിന്നാലെ രോഗം സഞ്ചരിക്കുന്നുണ്ടെന്ന് കരുതിയും ഭയന്നിരിക്കുന്നവർക്ക് ഒരു പ്രചോദനം കൂടിയാണ് ഈ നോവൽ. നോവൽ സാഹിത്യ തറവാട്ടിൽ കയറി ഇരിക്കാനും ആധുനിക രചനാശൈലിയിൽ പുതിയ കാലത്തിന്റെ മാറ്റവുമായി നമ്മുടെ മുന്നിലെത്തിയിരിക്കുകയാണ് ശ്രീ സാബു ശങ്കർ. ഷെവലിയർ ഹൗസിലെ കൊറോണ രാത്രി ഹൃദ്യമായ വായനാനുഭവം നമുക്ക് സമ്മാനിക്കുന്നു. കഥയുടെയും നോവലിന്റെയും ഇന്നത്തെ അവസ്ഥകൾക്ക് മാറ്റം വരുത്താനും പുതുമോടിയോടെ മുന്നോട്ട് നയിക്കാനും പ്രാപ്തി നേടിയ നോവലിസ്റ്റിന്റെ രചനാകൗശലത്തെ അഭിനന്ദിക്കുന്നു.
__പന്ന്യൻ രവീന്ദ്രൻ

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters