Please confirm cookies are enabled !


Go Back


Jayasree Chathanath
Chair Person, Bhanjika Pvt. Ltd
Mannarkad, Palakkad

ഷെവലിയർ ഹൗസിലൊരു പർദ്ദയിൽ ഞാനും...
ഷെവലിയർ ഹൗസിലെ കൊറോണ രാത്രി എന്ന ഈ നോവൽ സാബു ശങ്കർ എഴുതുമ്പോൾ കൊറോണയുടെ ആരംഭമായിരുന്നു. വാക്‌സിൻ പരീക്ഷണ ഘട്ടത്തിലായിരുന്നു.
സാബുവിന്റെ ഈ നോവൽ അനേകം ചരിത്ര വസ്തുതകളിലൂടെ കടന്നു പോകുന്നു. 'മുസിരിസ് ' മുതൽ 'കൊറോണ' വരെ എത്തിനിൽക്കുന്ന നീണ്ടയാത്ര. അതോടൊപ്പം ലോകസമ്പദ് വ്യവസ്ഥയുടെ തകർച്ചകളും വരച്ചുവെയ്ക്കുന്നു. ജർമ്മനിയുടെ സാമ്പത്തിക നട്ടെല്ലായ കാർ വ്യവസായത്തെ കൊറോണ വേട്ടയാടിക്കഴിഞ്ഞു എന്ന യാഥാർഥ്യം പോലും വിട്ടുകളഞ്ഞിട്ടില്ല.
ഇതിവൃത്തത്തിൽ ഉടനീളം വേണ്ടുവോളം നർമ്മം ഉൾച്ചേർന്നിട്ടുണ്ട്. ഉദാഹരണത്തിന്, "ഒരു കാലിന് സ്വാധീനമില്ലെങ്കിലും അവരോടൊപ്പം ഉറച്ചുനിൽക്കും "എന്ന് മിസ്സിസ് ഡിസൂസയെ കുറിച്ചെഴുതുമ്പോഴും; "കുടുംബം പലപ്പോഴും ജീനിയസുകൾക്ക് പ്രതിബന്ധമാണല്ലോ" എന്ന് പാതി കളിയായും പാതി കാര്യമായും പറയുമ്പോഴും നമുക്കതു കാണാം. മനോഹരമായ ഉപമകളുണ്ട്: "പാതി മുറിച്ച തിരുവോസ്തി പോലെ ചന്ദ്രബിംബം തെളിഞ്ഞു" എന്നൊക്കെ കാവ്യാത്മകമായി ചിത്രീകരിക്കുന്നു. "വാക്‌സിൻ കണ്ടുപിടിച്ചാലും ഇനി ഇതുവരെയുള്ള ലോകം ഉണ്ടാകണമെന്നില്ല" എന്ന് സാബു നേരത്തേ ഉറപ്പിക്കുന്നു.
മഹാമാരി ലോകമെങ്ങും പടർന്നുപിടിക്കുമ്പോൾ പുതിയ സഹവർത്തിത്വത്തിന്റെ സൂചനകളും ഉയരുന്നു. ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി കൊടുത്തതും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലസ്തീനെ സഹായിക്കാൻ തയ്യാറാകുന്നതുമെല്ലാം മഹാമനസ്കത അല്ലെന്നും ആപത് ഘട്ടത്തിൽ സഹവർത്തിത്വത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടിട്ടാണെന്നും തിരിച്ചറിയുന്നു.
'വൈറസ്' എന്ന സത്യത്തെ അപവാദമെന്നു പ്രചരിപ്പിച്ച ചൈനയെ പറ്റി - പരിഹാസ്യമായ അവസ്ഥയെ പറ്റി - കൃത്യമായി പറയുന്നുണ്ട്. പ്ളേഗ് മൂലം തകർന്ന ബൈസാന്റിയൻ സാമ്രാജ്യത്തെപ്പറ്റി കൂടി ഈ നോവലിൽ സാബു സൂചിപ്പിക്കുന്നുണ്ട്. നീലം, ഉരുളക്കിഴങ്ങ് തുടങ്ങിയ മുൻകാല വിഷയങ്ങളിലൂടെ "വിപണിരാഷ്ട്രീയം" തകരുമെന്ന് നോവലിസ്റ്റ് പറയുമ്പോൾ നമ്മുടെ മനസ്സിലും "ലഡ്ഡു" പൊട്ടുന്നു.
സ്ത്രീ കഥാപാത്രങ്ങളാണ് ഈ നോവലിനെ തീർത്തും വ്യത്യസ്തമാക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളിലൂടെ, അവരുടെ വൈവിധ്യമാർന്ന അന്ത:രംഗങ്ങളിലൂടെ ഒരു വലിയ കുടുംബത്തിലെ കല്യാണത്തലേന്നുള്ള  മധുരംവെയ്പ്പ് രാത്രിയിലൂടെ നോവൽ കടന്നുപോകുന്നു. അവിടെ അന്നാമ്മയും സ്വാമിനിയമ്മയും ആമിനയും മിസ്സിസ് ഡിസൂസയും സുന്ദരമായ ഒരു മതേതരസൗഹൃദം നമുക്ക് കാണിച്ചുതരുന്നു.
ഈ നോവലിലെ കല്യാണപ്പെണ്ണായ കത്രീനയുടെയും അവളുടെ ചേച്ചിമാരുടെയും ചേട്ടന്മാരുടെ ഭാര്യമാരുടെയും അവരുടെ മക്കളുടെയും വ്യതിരിക്തമായ സ്വഭാവവിശേഷതകളും സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു. ഇവർക്കിടയിൽ സ്വന്തം കാര്യം നോക്കുന്ന സൂസിയും ഗംഭീര കഥാപാത്രം തന്നെ.  എല്ലാറ്റിനോടും ചേർന്നുനിൽക്കുകയും എന്നാൽ ഒന്നിലും വൈകാരികമായി പറ്റിച്ചേരാതെ വീഡിയോ എടുക്കുന്ന 'മോളിക്കുട്ടി' വളരെ വ്യത്യസ്തമായ കഥാപാത്രമാണ്. കഥാനായികയ്‌ക്കൊപ്പം നിൽക്കുന്ന കഥാപാത്രം.
ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെ വിടർന്നു വികസിക്കുന്ന ഈ നോവലിൽ സകല മനുഷ്യാവസ്ഥകളുമുണ്ട്. കൊറോണയുടെ വ്യാപനത്തിൽ തകർന്നു പോകുന്ന വ്യാപാരവ്യവസായ ശൃംഖലകളുടെ നേർക്കാഴ്ചകളുണ്ട്. മതവും പാരമ്പര്യവും ഒരുക്കുന്ന നീരാളിപ്പിടുത്തത്തിൽ നിന്ന് "നിശ്ചയദാർഢ്യം" കൊണ്ട് മതേതരത്വവും സ്വന്തം ജീവിതവും കൈപ്പിടിയിലാക്കുന്ന  കത്രീനയും അർപ്പിതും  മനോഹരമാക്കുന്നു - ഈ കൊറോണ രാത്രിയെ!
ഏറ്റവും സുപ്രധാനമായ കാര്യം ഈ നോവലിൽ ആണുങ്ങളെല്ലാം വീടിന് പുറത്താണ് എന്നതാണ്. അതെ - വീടിനു പുറത്തുള്ള ലോകം തങ്ങളുടെ മാത്രം സ്വന്തമെന്നു കരുതുന്ന പുരുഷവർഗ്ഗത്തെ, അവന്റെ സകല ബലഹീനതകളോടും കൂടി പുറത്തുനിർത്തിയിരിക്കുന്നു. ഈ നോവലിൽ കടന്നുവരുന്ന ശക്തരായ രണ്ടേരണ്ടു പുരുഷൻമാരേയുള്ളൂ. മരിച്ചുപോയ പാപ്പുവക്കീലും അർപ്പിതും. പുരുഷന്റെ തീരുമാനങ്ങൾക്ക് പിന്നിലെ, സ്ത്രീയുടെ സ്വാധീനവും ശബ്ദവും കൃത്യമായി വെളിവാക്കുന്ന ഈ നോവൽ ചരിത്ര പാരമ്പര്യങ്ങളോടൊപ്പം അപ്പർ മിഡിൽ ക്‌ളാസിന്റെ നേർക്കാഴ്ചയുമാകുന്നു.
കത്രീനയെന്ന മർലിൻ മൺറോവിനൊപ്പം മോളിക്കുട്ടിയുടെയും അന്നാമ്മയുടെയും മാത്രം നോവലാണിതെന്ന് പറയാനാണെനിക്കിഷ്ടം. കുടത്തിൽ നിന്നു പുറത്തിറക്കി വിട്ട ഭൂതത്തിന്റെ വിശപ്പുമായി  കൊറോണ അലഞ്ഞുതിരിയുമ്പോൾ, വിജയസ്മിതത്തോടെ കത്രീനയും അർപ്പിതും മുന്നിൽ നിൽക്കുന്നു...
__ജയശ്രീ ചാത്തനാത്ത്

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters